Monday, April 29, 2013

adieu

FAREWELL

'ADIEU' ഈ french വാക്കിന്  ഒരുപാട് അർഥം തോന്നുന്ന ഒരു സമയം നമ്മുടെയെല്ലാം ജീവിതത്തിൽ ഉണ്ടാവും .
എന്നാൽ അപ്പോഴെല്ലാം നമുക്ക് ഒരു ആശയുടെ കിരണം മുന്നിലുണ്ടായിരുന്നു ... 
ഇനിയൊരു പുതിയ കലാലയം ... അവിടെ ഇനിയുമിനിയും സൗഹൃദങ്ങളുടെ  വർണങ്ങൾക്ക് ശോഭ നല്കി ഒരുപാട് പുതിയ കൂട്ടുകാർ ...
 അത് ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലമാണെന്ന് ‍ എല്ലാവരും തിരിച്ചറിയുന്ന
നിമിഷം, നാം ആ സുന്ദര  ദിനങ്ങളെ  മനസ്സിന്റെ  അടിത്തട്ടിൽ നിന്ന് പൊടി  തട്ടി എടുക്കും . ഓർമകളെ  അയവിറക്കി ശൂന്യതയിലേക്ക് നോക്കി ചിരിക്കുകയും കരയുകയും ചെയ്യും... 
എന്നും ഉച്ചക്ക് ഭക്ഷണം കഴിക്കുമ്പോൾ ഒപ്പം പങ്കുവക്കാനുണ്ടായവരെ  പിന്നീട ഭക്ഷണത്തിന്റെ മുന്നില് ചെന്നിരിക്കുമ്പോൾ നാം 
ഒരു തുള്ളി കണ്ണീരോടെ ഓർക്കും  ഇനി ആ ദിവസങ്ങൾ  മണിചിത്രതാഴിട്ടു പൂട്ടിയ ഒർമചെപ്പിൽ സുരക്ഷിതമായി ഉണ്ടാകും... 
ജീവിതത്തിന്റെ  സുന്ദരനാളുകൾക്ക് വിട .... 
ഇനി പുതിയ ലോകം അവിടെ പുതിയ മനുഷ്യർ... പല സ്വഭാവമുള്ളവർ...  ചില സ്വാർത്ഥ  ലക്ഷ്യങ്ങൾക്ക് വേണ്ടി മാത്രം ജീവിക്കുന്നവരാവും അധികവും... 
നമ്മുടെ എല്ലാ കുസൃതികൾക്കും  ആഗ്രഹങ്ങൾക്കും കൂട്ടുനിന്നിരുന്നവർ ,പല അഭിപ്രായങ്ങളാനെങ്കിലും 
ഒറ്റക്കെട്ടായി നിന്നിരുന്നവർ.... അവർ ഇനിയില്ല എന്നോർക്കുമ്പോൾ എവിടെയോ ഒരു നഷ്ടബോധം ..... 
ഇനി നമ്മളെ കാത്തിരിക്കുന്നത്  നിഷ്കളങ്കവും നിസ്വാർത്ഥവുമായ സ്വരങ്ങളല്ല... മറിച്ച്  ആജ്ഞാപനങ്ങളും കുറ്റപ്പെടുത്തലുകളും ദേഷ്യപ്പെടലുകളുമുള്ള പുതിയൊരു 
ലോകമാണ് ... ഓർക്കുമ്പോൾ ഭയമുണ്ട് ... എന്നാൽ ജീവിതത്തിലെ പുതിയൊരു തലത്തിലേക്ക് ചെല്ലാനോരുങ്ങുന്നു എന്നതോർക്കുമ്പോൾ 
ആകാംഷയുമുണ്ട് .. ഇനിയും ഒരു കടൽ  പോലെ ജീവിതം മുന്നിൽ  കിടക്കുന്നു....അതിലെ   തിരകളുടെ ഭാവമാറ്റം പോലെ ജീവിതത്തിലെ മാറ്റങ്ങൾ ഒരു പുഞ്ചിരിയോടെ സ്വീകരിക്കാൻ നാം 
ഒരുങ്ങേണ്ട സമയമായിരിക്കുന്നു.... 
18 വർഷം  കൊണ്ട് എനിക്ക് ഈശ്വരൻ  തന്ന നല്ല സൗഹൃദങ്ങളെ  ഈ നിമിഷം ഞാൻ ഒർക്കുന്നു... അവർക്ക് വേണ്ടി ഇത് സമർപ്പിക്കുന്നു..  


Thursday, April 11, 2013

daivathinte vikruthikal

             ദൈവത്തിന്റെ  വികൃതികൾ 


ഒരു ദിവസം കോളേജ് വിട്ട് കൂട്ടുകാരിക്കൊപ്പം ബസ്സ്‌ സ്റ്റാന്റിൽ നിൽക്കുമ്പോഴാണ് ആദ്യമായി ആ വൃദ്ധനെ ഞാൻ കാണുന്നത്... ഷർട്ട്‌ ഇട്ടിട്ടില്ല  , പഴകി അവിടവിടെ തുളകളുള്ള മുട്ടൊളമെത്തുന്ന ഒരു തോർത്ത് മുണ്ടാണ് വേഷം...

ഇരുകൈകളും മുട്ടറ്റം വച്ച് മുറിച്ചുനീക്കിയ അവസ്ഥയിലായിരുന്നു. കാലുകൾക്കും എന്തോ അപാകതകൾ ഉണ്ടായതായി ഞാൻ ശ്രദ്ധിച്ചിരുന്നു... അയാൾ നടക്കാനും  വളരെയധികം കഷ്ടപ്പെട്ടിരുന്നു.

ഇല്യാത്ത കയ്തണ്ടയിൽ മുഷിഞ്ഞ ഒരു ചെറിയ സഞ്ചി തൂക്കിയിരുന്നു ആ അപ്പൂപ്പൻ. സഞ്ചിയുടെ ഒരു ചെവി മാത്രം തുറന്നിട്ടിരുന്നു അതിലൂടെ ചിലർ ചില്ലറകൾ ഇട്ടു കൊടുക്കുന്നുണ്ടായി. സാമാന്യം ആരോഗ്യമുള്ള  ശരീരം ഉണ്ടായിട്ടും ഇരു കൈകളും ഇല്യാതെ അയാള് എങ്ങനെ ജോലിയെടുക്കും അല്ലെ???

ഭാഗവതത്തിൽ പറയുന്നുണ്ട് ഏറ്റവും നീചമായതാണ് ഭിക്ഷാടനം എന്ന്.  അതിലും നീചമായ കാര്യമാണ് ഭിക്ഷ ചോദിച്ചിട്ട് കൊടുക്കാതിരിക്കുന്നത് ...

ഈശ്വരൻ ഇത്രക്ക് ക്രൂരത  അയാളോട് എന്തിനു കാണിക്കുന്നു എന്ന്  ഞാൻ മനസ്സിൽ ആലോചിച്ചു. ഞാനും എന്റെ കൂട്ടുകാരിയും അയാളെത്തന്നെ ഒരുപാട് നേരം നോക്കിനിന്നു... അയാളുടെ വിധിയെക്കുറിച്ച് ഓർത്ത് സഹതപിച്ചു.

പക്ഷേ ഒരു രൂപ പോലും കൊടുക്കാനുള്ള മനസ്സ് ഞങ്ങള്ക്ക് 2 പേർക്കും  തോന്നിയില്ല... പലതവണ അയാൾ  ഞങ്ങളുടെ മുന്നിലൂടെ കടന്നു പോയി എങ്കിലും ഞങ്ങൾ പണം കൊടുക്കാൻ തയാറായില്ല...

ഒരേയൊരു കാര്യം മാത്രമാണ് എന്റെ മനസ്സിൽ  അപ്പോൾ തോന്നിയത്...  ചില ഭിക്ഷാടകർ വൈകുന്നേരം വരെ വെയിലും മഴയും വകവയ്ക്കാതെ
ചേറിലും ചെളിയിലും നടന്ന്‌ ഭിക്ഷ തെണ്ടി സന്ധ്യ മയങ്ങുമ്പോൾ ഏതെങ്കിലും
കള്ളുഷാപ്പിലോ ബാറിലോ പോയി കുടിച്ച്  ബോധമില്ലാതെ  കിടക്കുന്നത് കാണാം...
പിറ്റേന്ന് പിന്നെയും അവർ ഭിക്ഷാടനതിനിറങ്ങും... ഈ പതിവ് തുടർന്നുകൊണ്ടേ ഇരിക്കും...
ഞങ്ങൾ കണ്ട ആ വൃദ്ധനും അതുപോലെ ഒരാളാകുമോ ?

പിന്നീടും പലതവണ അയാളെ കണ്ടു... ഒരു രൂപ പോലും കൊടുത്തില്ലല്ലോന്ന് ഓർത്ത് പിന്നീടെനിക്ക് സങ്കടം തോന്നി... അയാൾ ചിലപ്പോൾ നല്ലവനാണെങ്കിലോ ?
ഞങ്ങൾ ചെയ്തത് തെറ്റായിപ്പോവില്ലേ ?
ആ വൃദ്ധന് വേണ്ടി ഇനി ഒരു പ്രാർത്ഥന മാത്രം  - ഇനിയും അധികം ബുദ്ധിമുട്ടിക്കാതെ ,കഷ്ടപ്പെടുത്താതെ അയാൾക്ക് വേഗം മോക്ഷം കൊടുക്കണേ എന്ന്...