Thursday, January 1, 2015

nanutha ormakal

നനുത്ത ഓർമ്മകൾ 

മഴക്കാലം തൽക്കാലം തീർന്നു എന്ന് തോന്നുന്നു. തൊടിയിലെ മൂവാണ്ടൻ മാവും മുത്തശ്ശിപ്പുളിമരവും  എല്ലാം വെയിലിൽ വാടിതളർന്നു നിൽകുന്നു. പെട്ടെന്നാണ് ഞാൻ അത് ശ്രദ്ധിച്ചത്... കയ്യണിയിലൂടെ വെള്ളം ഒഴുകിവരുന്നു .പണ്ടുകാലത്തെ അഞ്ജലോട്ടക്കാരനെ ഓർമിപിക്കും പോലെ ആയിരുന്നു വെള്ളത്തിന്റെ വരവ് .അഞ്ജലോട്ടക്കാരൻ മണിയടിച്ചു ഓടിനടന്നു സന്ദേശങ്ങൾ എത്തിക്കുന്നതുപോലെ കയ്യാണിയിലൂടെ ചെറു കല്ലുകളിലും തെങ്ങിൻ വേരുകളിലും താളം തട്ടി കളകളം പാടി വെള്ളവും ഒഴുകിവരുകയാണ്.

ഈ കാഴ്ച എനിക്ക് ഒരു പുതുമയല്ല. പണ്ട് മധ്യവേനലവധിക്ക് സ്കൂൾ അടക്കുന്ന എൻറെ തറവാട്ടിൽ ഞങ്ങൾ കുട്ടികളെല്ലാം ഒത്തുകൂടുന്ന സമയം...ഒരു ഉത്സവത്തിൻറെ പ്രതീതി ആയിരുന്നു... അമ്മമാർ എല്ലാം അടുക്കളയിൽ  വിഭവസമൃധമായ സദ്യ ഉണ്ടാക്കുന്ന തിരക്കിൽ...ഞങ്ങൾ കുട്ടികളാവട്ടെ പലതരം കളികളിലും ... ആകാശം-ഭൂമി , കളം വരച്ചു കളി ,ക്രിക്കറ്റ്‌ ,കഞ്ഞിയും കറിയും ,സാറ്റ് , ഇങ്ങനെ നീളുന്നു കളികളുടെ ലിസ്റ്റ് ...

ആ സമയത്തൊക്കെ രാവിലെ എഴുന്നേറ്റുവരുമ്പോൾ കാണുന്ന കാഴ്ചകളിൽ ഒന്നായിരുന്നു കയ്യാണിയിലൂടെ ഒഴുകിവരുന്ന വെള്ളം.വല്യച്ചൻ ദിവസവും പറമ്പ് മുഴുവൻ നനയ്ക്കും.അന്നൊക്കെ മോട്ടോർ അടിച്ച് കയ്യാനിയിലൂടെ വെള്ളം തിരിക്കുന്നതിന് ഉത്സാഹത്തോടെ ഞങ്ങളും വല്യച്ഛന്റെ പിന്നാലെ പോവുമായിരുന്നു. പട്ടണത്തിൽ നിന്ന് വന്ന ചില കൊച്ചു കളിക്കൂട്ടുകാർക്ക് ഇതെല്ലാം പുത്തൻ കാഴ്ചകളായിരുന്നു. അതുകൊണ്ട് തന്നെ അവർക്കായിരുന്നു കൂടുതൽ ഉത്സാഹം അവർക്കായിരുന്നു പറമ്പിൽ വെള്ളം തിരിക്കാൻ . പിന്നെ കുട്ടികളാവുമ്പോൾ വെള്ളത്തില കളിക്കാനുള്ള താല്പര്യം കൂടുമെന്ന് ഊഹിക്കാമല്ലോ .പറമ്പിൽ മുഴുവൻ ഒരു വലിയ സർപ്പത്തെപ്പോലെ വളഞ്ഞുപുളഞ്ഞു കിടക്കുന്ന കയ്യാണിയിലൂടെ  വെള്ളം പോവുന്നത് കണ്ടുനില്കാൻ തന്നെ ഒരു കൌതുകമാണ് .പറമ്പിൽ  നട്ടിരിക്കുന്ന ജാതിക്കും തെങ്ങിനും പച്ചക്കറികള്ക്കുമെല്ലാം  ദാഹജലം കൊടുത്തുകൊണ്ട് ആ നീളൻ  പാമ്പ് വിസ്തരിച്ചങ്ങനെ  കിടക്കുകയാണ് .കയ്യാണിയില്ലാത്ത  ചില സ്ഥലങ്ങളിൽ  ഞങ്ങൾ കുട്ടികൾ പാത്രം വച്ച് വെള്ളം തട്ടിയിടുമായിരുന്നു . ഞങ്ങളിൽ തന്നെ കുറച്ച്  പരിചയമുള്ളവർ കാലുകൊണ്ട് വെള്ളം തേമ്പി ഇടാറുണ്ട്  . മറ്റുള്ളവരുടെ മുൻപിൽ ആലാവനുള്ള  ഒരു അവസരം കൂടിയായിരുന്നു അത്.അങ്ങനെ നനയും കളിയും എല്ലാം കഴിയുമ്പോഴാണ് അടുത്ത ഉത്സവം... കുളി .അത് ശരിക്കും ഉത്സവം തന്നെ ആയിരുന്നു. കോണ്ക്രീറ്റ്  ചെയ്ത വലിയൊരു  ടാങ്കിൽ വല്യഛൻ  വെള്ളം നിരച്ചിടും  അതിലാണ് കുളി .ഓരോരുത്തരായി അതിലേക്ക് ചാടലും മാറിയലും  ആകെപ്പാടെ ഒരു ബഹളം .ആന കുളത്തിലിറങ്ങുന്ന പോലെ എന്ന് കേട്ടിട്ടില്ലേ... അതുതന്നെ ആയിരുന്നു സത്യത്തിൽ അവിടെ നടക്കാറു . ആനയെ പാപ്പാൻ തോട്ടി കാണിച്ചു പേടിപ്പിക്കുന്ന   പോലെ ഞങ്ങള്ക്കും ഒരു പാപ്പാൻ ഉണ്ടായിരുന്നു. എന്റെ അച്ഛൻ.ടാങ്കിൽ നിന്ന്  ഇറങ്ങാതെ വെള്ളത്തില കളിക്കുന്നവരെ വദികാനിച്ച്  പേടിപ്പിച്ചു അച്ഛൻ താഴെ ഇറക്കുമായിരുന്നു.

പിന്നെ സ്വാദിഷ്ടമായ ഭക്ഷണം.അതുകഴിഞ്ഞാൽ പിന്നേം കളികളായി...
കളികളിൽ എനിക്ക് ഏറ്റവും ഇഷ്ടം സാറ്റ്  ആയിരുന്നു. ഒരാള് 50 വരെ എന്നും മറ്റുള്ളവര ഒളിക്കും പിന്നീട അയാള് അവരെ കണ്ടുപിടിക്കണം.എല്ലാവരെയും കണ്ടുപിടിച്ചുകഴിഞ്ഞാൽ അടുത്തയാളുടെ ഊഴമായി. ഒരുപാട് വല്യ പറംബായതിനാൽ ഒളിക്കാൻ ഞങ്ങള്ക്ക് ഒത്തിരി സ്ഥലങ്ങളുണ്ടായി  . തടിയൻ  പുളിമരത്തിൻറെ പിന്നിലും , പുല്ക്കൂട്ടിലും,തെങ്ങുനടാൻ  കുഴിച്ച കുഴികൾ വരെ ഞങ്ങൾ ഒളിതാവളങ്ങളാക്കി. കളികൾക്കിടയിൽ വീഴ്ചയും പരിക്കുകളും ഒരുപാടുണ്ടായി പക്ഷെ അതൊന്നും കാര്യമാക്കാരുണ്ടായില്ല . ഇടക്ക് പറമ്പിലെ മാവിലും പേരമരത്തില്മൊക്കെ കയറി പഴങ്ങൾ പൊട്ടിച്ചുതിന്നു  ഞങ്ങൾ വിശപ്പടക്കും .

ഇന്ന് രാവില പറമ്പിലേക്ക് ഇറങ്ങിയപ്പോൾ  കുട്ടിക്കാലത്തെ രസകരമായ നിമിഷങ്ങളൊക്കെ ഓര്മ്മ വന്നു .ഇന്ന്   തിരക്കുപിടിച്ച ജീവിതതിനിടക്ക്  വേനലവധികളും വര്ഷവും മാറി വരുന്നത് ആരും ഓർക്കാറില്ല . ഇന്നും മുത്തശശിപ്പുളിമരവും  മൂവാണ്ടൻ  മാവുമൊക്കെ കയ്യാനിയിലൂടെ വെള്ളം വരുന്നതും കാത്ത് ഇരിക്കുന്നുണ്ട്. അവര്ക്ക് ആവശ്യത്തിനു ദാഹജലവും കിട്ടുന്നുണ്ട്.ഇന്നും പറമ്പില ആ കയ്യാണി സർപ്പം  പറന്നു കിടക്കുന്നുണ്ട്.  വ്യത്യാസം ഒന്നുമാത്രം. പണ്ട് ഒരു bettallion ആയി പോയിരുന്നിടത്ത്  ഇന്ന് വല്യച്ചൻ  ഒറ്റയ്ക്ക് പോവുന്നു.കുട്ടികളുടെ കളിയും ചിരിയും ഇണക്കവും പിണക്കവും എന്നെപ്പോലെ ഈ തറവാടും ഓർക്കുന്നു  .


Dedicated to all my sweet cousins in memories of those wonderful times we spent together.Hope you
people will also recollect those wonderful days, with some tears in your eyes like I am doing now. 

Love you and miss u all.

Sunday, June 1, 2014

The Ultimate Dream

 സ്വപ്നം 

നമ്മളെല്ലാവരും സ്വപ്നം കാണുന്നവരാണ് അല്ലേ ?..... പല നിറങ്ങളിലും പല രുചികളിലും ഉള്ള സ്വപ്‌നങ്ങൾ.... ചിലത് നമ്മെ ഭയപ്പെടുത്തിയേക്കാം ചിലത് നമ്മെ മോഹിപ്പിക്കുന്നു... മറ്റു ചിലതാകട്ടെ ഈ നിമിഷം മാഞ്ഞുപോവരുതേ  എന്ന്  നമ്മെ ചിന്തിപ്പിക്കുന്നു ..

എന്നാൽ കണ്ണ് തുറന്നു കാണുന്ന സ്വപ്‌നങ്ങൾ അങ്ങനെയല്ല... ജീവിതത്തിൽ നടക്കണം എന്ന് കരുതി കാണുന്നവയാണ് അവ.
വർണശബള മായ അവയിൽ  ചിലത് നമുക്ക് ലഭിക്കാതെ പോയേക്കാം.
മനസ്സിൽ ഒരു മുറിവ് മാത്രം ബാക്കിവച്ച്  നമ്മെ വിട്ടുപോകുന്ന സ്വപ്നങ്ങളുണ്ട്.

എല്ലാവർക്കും അവരവരുടെ ജീവിതത്തിൽ  ജീവിതലക്ഷ്യം എന്ന് വിളിക്കാവുന്ന ഒരു സ്വപ്നം കാണും നാം ചെയ്യുന്ന ഓരോ കർമ ങ്ങളും ആ ലക്ഷ്യതിലേ ക്കെത്താ താനുള്ള ല്ലതായിരിക്കും നാം അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന എല്ലാ പ്രവര്ത്തികളും ആ ലക്ഷ്യത്തെ മുന്നിൽ  കണ്ടുകൊണ്ടാവും 
ഇന്ന് ഞാൻ നിങ്ങളോട് പറയുവാൻ പോവുന്നതും അത്തരം ഒരു ലക്ഷ്യതെപ്പറ്റി യാണ്....

പതിവുപോലെ ഞാൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് തിരക്കിട്ട് നടന്നുപോവുകയാണ് .. വഴിയിലെല്ലാം നിറയെ വാഹനങ്ങളും ആളുകളും.പലരും ജോലിക്ക് പോവുന്നവരാണ്‌. റോഡിൽ ഇടയ്ക്കിടയ്ക്ക്  വരുന്ന സിഗ്നലുകൾ സത്യത്തിൽ ഉപകാരപ്പെടുന്നത് ഈ സന്ദർഭത്തിലാണ്. പരിസരത്തുള്ള ഒരു സ്കൂളിലെ കുട്ടികൾ അവിടവിടെയായി കൂട്ടം കൂടി നിന്ന് സംസാരിക്കുന്നു. അവരുടെ സംസാരത്തിൽ പല പല വിഷയങ്ങളും കടന്നുവന്നിരുന്നു പുതിയ വസ്ത്രം ആഭരണം മൊബൈൽ ബ്രാൻഡ്‌ എന്നിവയില തുടങ്ങി അന്താരാഷ്ട്ര തലങ്ങളിൽ വരെവിഷയങ്ങൾ പരന്നുകിടന്നിരുന്നു ..

ഇതിനിടയിൽ ആൾക്കൂട്ടത്തി നിടയിലൂടെ  പതുക്കെ നടന്നുപോവുന്ന 2 സുഹൃത്തുക്കൾ .ഈ തിരക്കുകളും ബഹളങ്ങളും ബാധകമല്ലാത്ത പോലെ അവർ പോവുകയാണ്... ചിരിച്ചു കളിച്ച് ഒരുപാട് സംസാരിച്ച് അവർ നടന്നുപോവുന്നതുകണ്ടപ്പോൾ എന്റെ വേഗതയും കുറഞ്ഞു...
അവരുടെ സംസാ രത്തി നോടും ചിന്ത കളോ ടുമോപ്പം നടക്കുവാൻ ഞാനും നിർബന്ധിക്കപ്പെടുകയായിരുന്നു...

എന്നും കുട്ടിയായിതന്നെ ഇരുന്നാൽ മതിയായിരുന്നു   ബാല്യത്തിൻറെ വർണങ്ങളിൽ കളിച്ച് മതിവരാത്ത ഒരു കുട്ടിയായിതന്നെ തുടരണം എന്ന് തോന്നിയ നിമിഷങ്ങളിൽ ചിലതാ യിരുന്നു അത്.. വളരുന്തോറും നമ്മുടെ ചിന്തകൾക്കും  ബുദ്ധിക്കും ഇഷ്ടാനിഷ്ടങ്ങൾക്കും വരുന്ന മാറ്റങ്ങൾ വളരെ വലുതാണെന്ന്  ഞാനോർത്തു..


ആ കുട്ടികൾ സംസാരിച്ചിരുന്നത് എനിക്കേറ്റവും ഇഷ്ടപ്പെട്ട ഒരു വിഷയത്തെപ്പറ്റിയായിരുന്നു... സ്വപ്നം... അതുകൊണ്ടുതന്നെ ഞാൻ  ശ്രദ്ധിച്ചുകൊണ്ട് അവരുടെ പിന്നിൽ തന്നെ നടന്നു ...


ആ സുഹൃത്തുക്കളിൽ ഒരാൾ  ആണ്‍കുട്ടിയും മറ്റെയാൽ  പെണ്കുട്ടിയുമാണ്.
എളുപ്പത്തിനുവേണ്ടിനമുക്കവരെ  അപ്പു എന്നും അമ്മു എന്നും വിളിക്കാം.
ഇനിയുള്ള അവരുടെ സംസാരം ഞാൻ സംഭാഷണരൂപത്തിൽ പറയാം അതാവില്ലേ കൂടുതൽ നല്ലത് ..?

അപ്പു:   അമ്മൂ , നീ സ്വപ്നം കാണാറുണ്ടോ?

അമ്മു:   ഉവ്വല്ലോ .. ഒരുപാട് 

അപ്പു:   മണ്ടൂസേ ഞാൻ പറയുന്നത് ഉറങ്ങുമ്പോൾ കാണുന്ന                                                          സ്വപ്നങ്ങലെപ്പറ്റിയല്ല. കണ്ണുതുറന്നു കാണുന്ന സ്വപ്നങ്ങളെപ്പറ്റി ...
 
അമ്മു:  അതെങ്ങനെയാ ഉറങ്ങുമ്പോഴല്ലേ സ്വപ്നം കാണുക ?

അപ്പു:  അല്ല, ഒരു കാര്യം നടക്കണമെന്ന് ഒരുപാടാഗ്രഹിക്കുമ്പോ അത്   കണ്ണു                    തുറന്നു കാണുന്ന സ്വപ്നമാവും.ജീവിതലക്ഷ്യം... പറയു  നിൻറെ                                 ജീവിതത്തിൽ നീ അങ്ങനെ കരുതുന്ന സ്വപ്നം എന്താ?

അമ്മു:  അങ്ങനെയൊക്കെ ചോദിച്ചാൽ ....ഒരു നല്ല മകളായി നല്ല ഭാര്യയായി                         നല്ലൊരു അമ്മയായി ഇഷ്ടപെട്ട ആളുടെ കൂടെ ജീവിതം ജീവിച്ചു                                 തീർക്കണം ...


( പെണ്‍കുട്ടി ആരെയോ അഗാധമായി പ്രണയിക്കുന്നു എന്ന് അവളുടെ ദൃഡമായ വാക്കുകളിൽ  നിന്നും തിളങ്ങുന്ന ആ കണ്ണുകളിൽ നിന്നും നമുക്ക് മനസിലാക്കാൻ പറ്റും )

അപ്പു:   ശരി , ഇനി എന്റെ സ്വപ്നം എന്താണെന് അറിയുമോ???                                                വിസ്വപ്രസിദ്ധനായ ഒരാളുടെ അച്ഛനായി അറിയപ്പെടണം. ഒന്നുകിൽ                    ഒരു scientist  അല്ലെങ്കിൽ ഒരു badminton player അങ്ങനെ                                   ആയിരിക്കും  അവൻറെ / അവളുടെ പ്രശസ്തി ...

അമ്മു:  (ചിരിക്കുന്നു ).. നല്ല സ്വപ്നം തന്നെ ....


അവർ നടന്നു ...എന്റെ  ശ്രദ്ധ അവരില നിന്ന് മാറി ...പിനീട് ഞാൻ ആലോചിച്ചത് മുഴുവൻ ആ കുട്ടിയുടെ സ്വപ്നത്തെപ്പററിയായിരുന്നു ....

എനിക്ക്   പ്രശസ്തനാവണം എനിക്ക് പദവി വേണം പണം വേണം എന്നൊക്കെ ചിന്ദിക്കുന്ന ഒരു സമൂഹത്തിലെ വ്യത്യസ്തനായ ഒരു കുട്ടി ആയിരുന്നു അവൻ... തൻറെ  മക്കളിലൂടെ പ്രശസ്തനാവണം എന്ന് അവൻ സ്വപ്നം കണ്ടു....

new  generation  എന്ന  പേരിൽ ഈ കുട്ടികളെ പുച്ച്ചിക്കുന്നവർക്ക് അപ്പു ഒരു ഉത്തരമാണ് ... ഇതുപോലെ നാം ശ്രദ്ധിക്കാതെ പോയ ഒരുപാട് അപ്പുവും അമ്മുവും ഉണ്ടാവും ഒരിക്കൽ നമ്മളെല്ലാം അവരുടെ ചോദ്യങ്ങൾക്കുമുന്നിൽ അവരുടെ ആശയങ്ങൾക്ക്  മുന്നിൽ  ഉത്തരം കിട്ടാതെ നില്കേണ്ടിവരും ...
പ്രായതിലല്ല  മറിച്ച്  ചിന്ദകളിലും പ്രവർത്തിയിലുമാണ് കാര്യം എന്ന് അവർ നമ്മെ പഠിപ്പിക്കുന്നു...

നിസ്വാർഥമായ ആ സ്വപ്നം സഫലമാവട്ടെ .... 








Friday, December 20, 2013

makaramanju

മകരമഞ്ഞ് 


എൻറെ പതിവ്‌ യാത്രയിലെ മഞ്ഞുപെയ്ത് തണുത്ത ഒരു പ്രഭാതക്കാഴ്ചയിലേക്ക്  നിങ്ങൾക്ക് സ്വാഗതം …….
മഞ്ഞുകാലം ഒരുപാട് നനുത്ത ഓർമകൾക്ക് വഴി  തുറക്കുന്നു  .....
മഞ്ഞുകണങ്ങൾ ഗ്രാമവഴികളുടെ മാറത്ത് ചായുന്ന സുന്ദരമായ ഒരു പ്രഭാതം  ….സൂര്യകണങ്ങൾ ഭൂമിയെ ചുംബിക്കാൻ വെമ്പിനില്കുന്നു ….രാത്രിയുടെ സുന്ദര  സ്വപ്നങ്ങൾക്ക് വിടപറഞ്ഞ് പ്രകൃതി പ്രഭാതത്തിനായ് വഴിയൊരുക്കുന്നു ………..
ഗ്രാമവീധികളിലെ സ്ഥിരം കാഴ്ചകൾ ഇന്നുംഎന്നെ സന്തോഷപൂർവംവരവേറ്റു ….
ആർക്കോവേണ്ടി മധുരമായ് പാടുന്ന കുയിലുകൾ …..കൊത്തിപ്പെറുക്കി  നടക്കുന്ന ഇരട്ടമൈനകൾ ……വഴിവക്കിലെ 
ശ്വാസം നിലച്ച ചെമ്പോത്തിൽ സ്വന്തം പ്രാണൻ നിലനിർത്താൻ ശ്രമിക്കുന്ന കാക്കക്കൂട്ടം …..

പ്രകൃതീ നീ എത്ര മനോഹരീ ……

ഈ മനോഹാരിതക്ക് വർണം പകരാനായ് വന്ന മഞ്ഞുകണങ്ങൾ ….
പച്ചവിരിച്ച  പാടങ്ങളിലേക്ക് നോക്കുമ്പോൾ മഞ്ഞുമൂടിയ കോടശ്ശേരി മലനിരകളെ അവ്യക്തമായി കാണാം …..കടും പച്ച നിറത്തിലെ മരങ്ങളെ പുതപ്പ് പോലെ മൂടി നിൽക്കുന്ന മഞ്ഞുകമ്പളം ….ഒരുപാട് നേരം ഒരു മടുപ്പും കൂടാതെ ആസ്വദിക്കാവുന്ന ഒരുകാഴ്ചയായിരുന്നു അത്….
“മഞ്ഞുകാലത്തിന്റെ തുടക്കമേ ആയുള്ളൂ അപ്പോൾ തന്നെ  ഇത്ര തണുപ്പ്  ”എന്ന് പഴിപറഞ്ഞ് പള്ളിയിലേക്ക്നടന്നുപോവുന്ന അമ്മച്ചിമാർ ….തണുപ്പിനെ അതിജീവിക്കാൻ പലർക്കും പല വഴികൾ …ചില ബൈക്ക് യാത്രക്കാർ തങ്ങളെ മുഴുവൻ മൂടുന്ന കമ്പിളി ഉടുപ്പുകളിലേക്ക് ഉൾവലിഞ്ഞിരിക്കുന്നു …ചിലർ ചെവി മൂടിക്കെട്ടി തണുത്ത കാറ്റിനെ പ്രതിരോധിക്കുന്നു ….ചെറിയ  കുട്ടികളാകട്ടെ തണുപ്പ് മാറ്റാൻ റോഡിലൂടെ തുള്ളിചാടിയും ആർതുചിരിച്ചും  കടന്നുപോവുന്നു ….വാർധക്യത്തിന്റെ വെളുത്ത തൊപ്പിവച ചിലരാകട്ടെ ഒരു ചൂട് ചായയുടെ  കൂട്ടുക്കൂടി മഞ്ഞുപുകയെ നോക്കിച്ചിരിക്കുന്നു …..
വഴിവക്കിൽ നിർവികാരനായി ഒരു പോത്ത് കിടക്കുന്നു  …മുഖത്തെ ഭാവം ഇങ്ങനെ  ….”ഇതൊക്കെ ഞാനെത്ര കണ്ടതാ …”
മഞ്ഞിന്റെ വരവറിയിചെത്തിയ കാറ്റ് കണ്ടപ്പോഴേ  ചില അമ്മമാർ തങ്ങളുടെ അടുപ്പുകളുടെ സ്ഥാനം അടുക്കളയിൽ നിന്ന് മുറ്റത്തേക്ക് മാറ്റിവചിരിക്കുന്നു …ഇനിയിപ്പോ മഴയെ പേടിക്കണ്ടല്ലോ ….
ചില വാഹനയാത്രക്കാരവട്ടെ മഞ്ഞുപുകമൂടിയ വഴിയിൽ ലക്ഷ്യം കണ്ടെത്താൻ പ്രയാസപ്പെടുന്നു …..

നമ്മൾ ഗ്രാമവാസികൾക്ക് മാത്രം അനുഗ്രഹിച്ച് കിട്ടിയ ചില നല്ല കാഴ്ച്ചകളാണിതെല്ലാം …..ഒരു ചെറിയ മൂളിപ്പാട്ടും പാടി ഞാനും തണുപ്പിനോട് യാത്രപറയുന്നു  …സൂര്യരശ്മികളുടെ ചെറുചൂട് മഞ്ഞിലൂടെ അരിച്ചിറങ്ങി ശരീരത്തിലും മനസിലും പുതു  ഉണർവ് പകരാൻ തുടങ്ങി ….ഇനിയീ കാഴ്ച്ചക്കുവേണ്ടി അടുത്ത പ്രഭാതം വരെ കാത്തിരിക്കാം…..