Friday, December 20, 2013

makaramanju

മകരമഞ്ഞ് 


എൻറെ പതിവ്‌ യാത്രയിലെ മഞ്ഞുപെയ്ത് തണുത്ത ഒരു പ്രഭാതക്കാഴ്ചയിലേക്ക്  നിങ്ങൾക്ക് സ്വാഗതം …….
മഞ്ഞുകാലം ഒരുപാട് നനുത്ത ഓർമകൾക്ക് വഴി  തുറക്കുന്നു  .....
മഞ്ഞുകണങ്ങൾ ഗ്രാമവഴികളുടെ മാറത്ത് ചായുന്ന സുന്ദരമായ ഒരു പ്രഭാതം  ….സൂര്യകണങ്ങൾ ഭൂമിയെ ചുംബിക്കാൻ വെമ്പിനില്കുന്നു ….രാത്രിയുടെ സുന്ദര  സ്വപ്നങ്ങൾക്ക് വിടപറഞ്ഞ് പ്രകൃതി പ്രഭാതത്തിനായ് വഴിയൊരുക്കുന്നു ………..
ഗ്രാമവീധികളിലെ സ്ഥിരം കാഴ്ചകൾ ഇന്നുംഎന്നെ സന്തോഷപൂർവംവരവേറ്റു ….
ആർക്കോവേണ്ടി മധുരമായ് പാടുന്ന കുയിലുകൾ …..കൊത്തിപ്പെറുക്കി  നടക്കുന്ന ഇരട്ടമൈനകൾ ……വഴിവക്കിലെ 
ശ്വാസം നിലച്ച ചെമ്പോത്തിൽ സ്വന്തം പ്രാണൻ നിലനിർത്താൻ ശ്രമിക്കുന്ന കാക്കക്കൂട്ടം …..

പ്രകൃതീ നീ എത്ര മനോഹരീ ……

ഈ മനോഹാരിതക്ക് വർണം പകരാനായ് വന്ന മഞ്ഞുകണങ്ങൾ ….
പച്ചവിരിച്ച  പാടങ്ങളിലേക്ക് നോക്കുമ്പോൾ മഞ്ഞുമൂടിയ കോടശ്ശേരി മലനിരകളെ അവ്യക്തമായി കാണാം …..കടും പച്ച നിറത്തിലെ മരങ്ങളെ പുതപ്പ് പോലെ മൂടി നിൽക്കുന്ന മഞ്ഞുകമ്പളം ….ഒരുപാട് നേരം ഒരു മടുപ്പും കൂടാതെ ആസ്വദിക്കാവുന്ന ഒരുകാഴ്ചയായിരുന്നു അത്….
“മഞ്ഞുകാലത്തിന്റെ തുടക്കമേ ആയുള്ളൂ അപ്പോൾ തന്നെ  ഇത്ര തണുപ്പ്  ”എന്ന് പഴിപറഞ്ഞ് പള്ളിയിലേക്ക്നടന്നുപോവുന്ന അമ്മച്ചിമാർ ….തണുപ്പിനെ അതിജീവിക്കാൻ പലർക്കും പല വഴികൾ …ചില ബൈക്ക് യാത്രക്കാർ തങ്ങളെ മുഴുവൻ മൂടുന്ന കമ്പിളി ഉടുപ്പുകളിലേക്ക് ഉൾവലിഞ്ഞിരിക്കുന്നു …ചിലർ ചെവി മൂടിക്കെട്ടി തണുത്ത കാറ്റിനെ പ്രതിരോധിക്കുന്നു ….ചെറിയ  കുട്ടികളാകട്ടെ തണുപ്പ് മാറ്റാൻ റോഡിലൂടെ തുള്ളിചാടിയും ആർതുചിരിച്ചും  കടന്നുപോവുന്നു ….വാർധക്യത്തിന്റെ വെളുത്ത തൊപ്പിവച ചിലരാകട്ടെ ഒരു ചൂട് ചായയുടെ  കൂട്ടുക്കൂടി മഞ്ഞുപുകയെ നോക്കിച്ചിരിക്കുന്നു …..
വഴിവക്കിൽ നിർവികാരനായി ഒരു പോത്ത് കിടക്കുന്നു  …മുഖത്തെ ഭാവം ഇങ്ങനെ  ….”ഇതൊക്കെ ഞാനെത്ര കണ്ടതാ …”
മഞ്ഞിന്റെ വരവറിയിചെത്തിയ കാറ്റ് കണ്ടപ്പോഴേ  ചില അമ്മമാർ തങ്ങളുടെ അടുപ്പുകളുടെ സ്ഥാനം അടുക്കളയിൽ നിന്ന് മുറ്റത്തേക്ക് മാറ്റിവചിരിക്കുന്നു …ഇനിയിപ്പോ മഴയെ പേടിക്കണ്ടല്ലോ ….
ചില വാഹനയാത്രക്കാരവട്ടെ മഞ്ഞുപുകമൂടിയ വഴിയിൽ ലക്ഷ്യം കണ്ടെത്താൻ പ്രയാസപ്പെടുന്നു …..

നമ്മൾ ഗ്രാമവാസികൾക്ക് മാത്രം അനുഗ്രഹിച്ച് കിട്ടിയ ചില നല്ല കാഴ്ച്ചകളാണിതെല്ലാം …..ഒരു ചെറിയ മൂളിപ്പാട്ടും പാടി ഞാനും തണുപ്പിനോട് യാത്രപറയുന്നു  …സൂര്യരശ്മികളുടെ ചെറുചൂട് മഞ്ഞിലൂടെ അരിച്ചിറങ്ങി ശരീരത്തിലും മനസിലും പുതു  ഉണർവ് പകരാൻ തുടങ്ങി ….ഇനിയീ കാഴ്ച്ചക്കുവേണ്ടി അടുത്ത പ്രഭാതം വരെ കാത്തിരിക്കാം…..